rascal. Powered by Blogger.

ഭാഷണം


മൗനം ഉണ്ടാവുന്നതെങ്ങനെയെന്നറിയുമോ ??

ഒറ്റപ്പെട്ട രണ്ടു ദൈന്യങ്ങള്‍ 
പരസ്പരം കൂട്ടിമുട്ടുന്ന ഇടനാഴികളിലാണ് 
മൗനത്തിന്‍റെ ഉത്ഭവസ്ഥാനം.

മൗനത്തിന്‍റെ ഉദായാസ്തമയങ്ങളെ പറ്റിയറിയുമോ ??

സൂര്യനും ,ചന്ദ്രനും 
മൗനത്തിന്‍റെ നിഴലുകള്‍ മാത്രമായി 
ഉദായാസ്തമയങ്ങളില്‍ സംക്രമിയ്ക്കുന്നു .

പുലരിയോ , പകല്‍വെളിച്ചമോ 
മൗനത്തിന്‍റെ ഉദയങ്ങളിലില്ല.

സായാത്ഹ്നവും , സായംസന്ധ്യയും 
അസ്തമയങ്ങളിലുമില്ല.

വിഷാദവര്‍ഷങ്ങള്‍ക്കിടയിലെ 
കനത്തഏകാന്തകളിലാണ് മൗനം 
ഉദിയ്ക്കുന്നതും , അസ്തമിയ്ക്കുന്നതും.

മൗനമുണരുന്നതും ,ഉറങ്ങുന്നതും എപ്പോഴെന്നറിയുമോ ??

അരുണകിരണങ്ങളൊ , സമയദിശകളോ
മൗനത്തെ ഉണര്‍ത്താറില്ല .

നിദ്രയോ ,നിശയോ 
മൗനത്തെ ഉറക്കാറുമില്ല.

നിസ്സംഗമായ നിസ്സഹായതകളിലും , 
വിരഹത്തിന്‍റെ മരുസ്ഥലികളിലും , 
ബന്ധനങ്ങളുടെ ചുടുകാറ്റിലും , 
സര്‍ഗ്ഗവേദനയുടെ പിടച്ചിലുകളിലും , 
വേര്‍പാടിന്റെ തീരങ്ങളിലും , 
ഒറ്റപ്പെടലിന്‍റെ തണുപ്പിലുമൊക്കെ 
മൗനം സ്വയം ഉണരുകയാണു പതിവ്.

നേര്‍ത്തപുഞ്ചിരിയാലോ , 
സ്പര്‍ശിയായൊരു നോട്ടമുനമ്പിലോ , 
ആഴമുള്ളൊരു ആശ്വാസധ്വനിയിലോ , 
സനാഥനത്വത്തിന്‍റെ നിര്‍വൃതിയിലോ , 
സ്നേഹത്തിന്‍റെ നിശ്വാസങ്ങളിലുമൊക്കെ 
മൗനം തനിയെ ഉറങ്ങുകയും ചെയ്യുന്നു .

പക്ഷെ , 
അപ്പോഴും എനിയ്ക്കും നിനക്കുമിടയിലെ 
മൗനത്തിന്‍റെ സൂതാര്യതകളില്‍ 
പരസ്പരമേറ്റു മുട്ടാറുള്ള 
രണ്ടേകാന്തഹൃദയങ്ങള്‍ മൗനഭാഷണത്തിലായിരുന്നു .

0 comments:

Post a Comment

disqus