rascal. Powered by Blogger.

ആവര്‍ത്തനം.




തിരിഞ്ഞുനടന്നപ്പോള്‍ ചിതറിയുടഞ്ഞ 
പ്രണയബിംബത്തിന്റെ ചീളുകളൊന്നും 
ആത്മാവിനാഴങ്ങളിലേക്കാഴ്ന്നില്ല.

നിദ്രവറ്റിയ കണ്‍ത്തടങ്ങളില്‍
രൗദ്രസാഗരമിരമ്പിയില്ല.

മരുപ്പച്ചകളായി വിരുന്നുവന്ന
പനിനീര്‍ജാലകങ്ങള്‍ വസന്തത്തില്‍
ശോഭിച്ചതും ,
വേനലിലുരുകിയവസാനിച്ചതും
സ്മൃതിയിലലിഞ്ഞ് പറന്നകലുന്നു

സ്വപ്നചായത്തിലെഴുതി തുടങ്ങിയ
പ്രണയപ്രബന്ധം എരിഞ്ഞടങ്ങിയിരിക്കുന്നു.

സങ്കല്പവര്‍ണ്ണങ്ങള്‍ നൈരാശ്യത്തിന്‍റെ
തോണികളില്‍ മരവിച്ച
പ്രതീക്ഷകളുമായി ദിശയറിയാതലയുന്നു.

നീലാകാശത്തിനുദരത്തിലെയ്ക്കൊഴുകി നിറയുന്ന
ഗതകാലത്തേയും പേറി 
ഊഷാരഭൂമിയുടെ മടിത്തട്ടിലേയ്ക്കടര്‍ന്നു
വീണയെന്‍റെ ദൈന്യമവളറിഞ്ഞു കാണുമോ ??

വീണ്ടുമൊരു പ്രണയത്തിനു പകുത്തുനല്‍കാന്‍
ഹൃദയത്തിനു മറുപാതിയില്ലാത്തവന്‍റെ 
നൊമ്പരം ഹൃദയമില്ലാത്തവളെങ്ങനറിയും

വനചാരുതയില്‍
നിലാവ്‌ പെയ്തുതുടങ്ങുമ്പോള്‍ 
കിഴക്കന്‍കൊല്ലിയുടെ തണുത്തതാഴ്വാരത്തിനതിരില്‍  
പരാജിതന്‍റെ രക്തത്തുള്ളികള്‍
പ്രണയത്തിന്റെ അലിഖിതചരിത്രത്തിലേക്കൊഴുകി തുടങ്ങിയിരുന്നു

0 comments:

Post a Comment

disqus